02:59am 23 November 2026
NEWS
ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായ്ക്ക് എതിരായ സൈബർ ആക്രമണം.സംസ്ഥാന പോലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി
17/11/2026  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായ്ക്ക് എതിരായ സൈബർ ആക്രമണം.സംസ്ഥാന പോലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ വിഭാ​ഗം തലവനും, കോട്ടയം ഭദ്രാസനാധിപനുമായ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സഭ. സംസ്ഥാന പോലീസ് മേധാവിക്കും, കോട്ടയം എസ്.പിക്കും, സൈബർ സെല്ലിനുമാണ് പരാതി സമർപ്പിച്ചത്. മലങ്കരസഭയുടെ പള്ളികളിൽ സമാന്തരഭരണം പാടില്ലെന്ന് 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ മലങ്കരസഭയുടെ മണർകാട് പള്ളിയിൽ പ്രവേശിക്കുകയും വി.കുർബാന അർപ്പിക്കുകയും ചെയ്തു. ഒരു വശത്ത് സഭാ സമാധാനത്തിന് ആഹ്വാനവും ചെയ്യുകയും മറുവശത്ത് ‌പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യ്ത ‌ദൗർഭാ​ഗ്യകരമായ നീക്കത്തിനെതിരെ സഭയുടെ മാധ്യമവിഭാ​ഗം അധ്യക്ഷൻ എന്ന നിലയിൽ മെത്രാപ്പോലീത്താ പ്രതികരിച്ചിരുന്നു.

മണർകാട് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന  പൊതുസമ്മേളനത്തിൽ പാത്രിയർക്കീസ് പക്ഷം, മെത്രാപ്പോലീത്തായെ പേരെടുത്ത് പരാമാർശിച്ചിരുന്നു. ഇതിന് ശേഷമാണ് സമൂ​ഹമാധ്യമങ്ങൾ വഴിയുള്ള സൈബർ ആക്രമണം രൂക്ഷമായത്. പോലീസിന് കൈമാറിയ പരാതിയിൽ ഡിജിറ്റൽ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലങ്കരസഭയ്ക്കും, മെത്രാപ്പോലീത്തായ്ക്കും എതിരെയുള്ള സൈബർ ആക്രമണം സമാധാന ആഹ്വാനത്തിലെ പൊള്ളത്തരമാണ് തെളിയിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതായി പറയുന്ന സർക്കാർ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാൻ ആ​ഗ്രഹിക്കുന്നതായും സഭാനേതൃത്വം പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img